Wednesday, December 4, 2013

മഴ

ആരുടെയോ നെഞ്ചിൻ തേങ്ങലകറ്റുവാൻ
തീവ്രമായ്‌ ആർത്തലച്ചീടുന്നൊരീ മഴ,
മറ്റാരുടെയോ കണ്ണിൻ അതിരുകൾ ലംഘിച്ചു
മണ്ണിൻ വിരിമാറിലായ്‌ പതിച്ചിടുന്നു.

പ്രത്യാശാ മേഘങ്ങള്‍

ഈ മഴ തോരാതിരിക്കട്ടെ, വിണ്ണിൻ
ഗോപുരവാതിലുകൾ അടയാതിരിക്കട്ടെ.
ഊർഷരമാം മണ്ണിൻ ആത്മാവിലു -
യിർക്കൊണ്ട ജീവ നാമ്പു പോൽ,
ഉറവ വറ്റിയ മനസിന്നഗാധങ്ങളിൽ 
തിളിർക്കട്ടെ മനുഷ്യത്വ മുകുളങ്ങൾ.
ഈ മഴ തോരാതിരിക്കട്ടെ ആത്മാവിൻ,
നീറ്റലുകൾ തണുപ്പിക്കും നിൻ മഴ.

മുത്തു തേടി കടലിൽ പോയവനോട് കടൽ പറഞ്ഞത്. .


എനിക്കു ആഴങ്ങളും ചുഴികളും കൽപിച്ച
നിന്നെ ഞാൻ ആദ്യം സംഹരിക്കും. 
നീരാളിപിടുത്തം പോലെ 
നിന്നെ മുറുക്കുമ്പോൾ , 
എന്നിലെ തീരങ്ങൾ നീ തേടും. 
നീ മനുഷ്യനാണു,
ആർത്തിയോടെ അടുത്തിട്ട്
ആർദ്ദ്രനായ് അകലുന്നവൻ.

Wednesday, July 17, 2013

പ്രണയം


പ്രണയം ,
പേനയ്ക്കും കടലാസിനുമിടയില്‍,
ഒരു മഷിതുള്ളിയായ്.

പ്രണയം,
വിണ്ണിനും മണ്ണിനുമിടയില്‍,
ഒരു മഴതുള്ളിയായ്.

പ്രണയം,
നോക്കിനും വാക്കിനുമിടയില്‍,
ഒരു മിഴിതുള്ളിയായ്.

പ്രണയം,
ഇന്നിനും നാളെയ്ക്കുമിടയില്‍,
ഒരു മഞ്ഞുതുള്ളിയായ്.

Monday, June 17, 2013

സഹയാത്രിക

                 മഴ നെയ്തുചെര്‍ത്ത ജലകണങ്ങള്‍ അവരുടെ മുഖത്തുള്ള പരിഭ്രമത്തിന്‍റെ വിയര്‍പ്പുകണികകളെ മറച്ചു വയ്ച്ചു. ഒരുനാള്‍ സഹയാത്രികയുടെ കൈയിലിരുന്ന ചായ സാരിയില്‍വീണതിനു അവരെ ഒരു മണിക്കൂര്‍ ട്രെയിനില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല. ഇന്നിപ്പോള്‍ റോഡിലെ കുഴികളും പൊട്ടിയൊലിക്കുന്ന ഓടയിലെ നഗരമാലിന്യങ്ങളും അവളുടെ കാലിന്‍റെ വേഗത കുറച്ചില്ല. മനുഷ്യന്‍ അങ്ങനെയാണ്, ആവശ്യകതയുടെയും തിരക്കിന്‍റെയുമിടയില്‍ പലതും കണ്ടില്ലെന്നു നടിക്കാനാകും. നഗരമാലിന്യങ്ങള്‍ പലതും നമ്മളെ ഓര്‍മിപ്പിക്കും. ഉല്ലസയാത്രയ്ക്കിടയില്‍ നിസാരമായി തള്ളികളഞ്ഞ കുറെ പ്ലാസ്റിക് കുപ്പികള്‍, അപകടത്തില്‍ പെട്ട് വഴിയോരോത് വീണു പോയ യാത്രക്കാരുടെ ചെരിപ്പുകള്‍, ജോലിക്ക് പോകുന്ന തിരക്കിനിടയില്‍ നിന്ന് തിരിയാന്‍ വേണ്ടും മുറ്റം ഇല്ലാത്തവരുടെ നിക്ഷേപങ്ങള്‍, എല്ലാത്തിനുംപുറമേ രോഗികളെസംരക്ഷിച്ചു നാട്ടുകാരെ രോഗികളാക്കുന്ന ആശുപത്രികളുടെ മാലിന്യനിക്ഷേപവും.

                        ഫോണ്‍ ഇടയ്ക്ക് ഇടയ്ക്ക് ചിലയ്ക്കുന്നുണ്ട് . ഓരോ ശബ്ദം കേള്‍ക്കുമ്പോഴും ഹൃദയമിടിപ്പും കൂടുന്നു. മുന്‍പൊക്കെ ഓട്ടോറിക്ഷക്കാര്‍ ഒരു ചെറിയഓട്ടം കിട്ടാന്‍ കാത്തിരിക്കും. ഇന്നിപ്പോള്‍ രണ്ടുകിലോമീറ്റര്‍ പോകാന്‍ ഇരട്ടികൊടുക്കാമെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ കൊണ്ടുപോയാലയി. അയലത്തെ ചേച്ചി രാവിലെ തന്ന തുക മരുന്നിനു പോലും തികയില്ല. ബാധ്യതകള്‍ക്ക് മുന്നില്‍ മഴയുടെയും വെയിലിന്റെയും കാഠിന്യം കുറയും. മഴയുടെ തണുപ്പോ വെയിലിന്‍റെ ചൂടോ നമ്മുടെ സിരകളെ തളര്തില്ല. പത്തുമിനിറ്റ് ദൂരം കൂടെ നടക്കാനുണ്ട്. എത്തുമ്പോഴേക്കും?

                        ഇടയ്ക്കിടെ കോളേജ് യൂണിയന്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പില്‍ മകള്‍ സ്ഥിരാംഗം ആയിരുന്നു. അത്യപൂര്‍വ്വ AB -ve ബ്ലഡ്കൊടുക്കാന്‍ അവള്‍ മടി കാണിച്ചിരുന്നില്ല.പോകാന്‍ പറ്റുന്ന സ്ഥലം ആണെങ്കില്‍ പോയിരിക്കും. നന്മ പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് എന്നെ പഠിപ്പിച്ച മത നേതാക്കളെയോ അവളുടെ കൂട്ടുകാരെയോ ഞാന്‍ കണ്ടില്ല. ഇത്രയും നാള്‍ രക്തം നല്‍കിയവള്‍ക്ക് ഇനി അതിനു കഴിയില്ല. അവളുടെ രക്തത്തിന് പുതിയ അവകാശികളായി.

                      മുന്പ് രോഗ നിര്‍ണയം അസാധ്യമായിരുന്നു. അന്ന് കാലന്‍ നിത്യ സന്ദര്‍ശകന്‍ ആയി വീടുകളില്‍. കാലം മാറി, പഠനവും ഗവേഷണവും പുരോഗമിച്ചു. ഇന്ന് രോഗ നിര്‍ണയം സാധ്യമാകുമ്പോള്‍ ചികിത്സ അപ്രാപ്യമായിരിക്കുന്നു. ആകുലതകള്‍ മകളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തില്ല. നെഞ്ചുപൊട്ടി തകര്‍ന്നാലും അവളുടെ വേദനകള്‍ക്ക് ശമനമുണ്ടാകില്ല. വളരെ വൈകി ലഭിച്ച ഈ തിരിച്ചറിവുകള്‍ക്ക്‌ ശേഷം എന്‍റെ കണ്ണുകള്‍ അവളുടെ ജീവന് വേണ്ടി മിഴിനീര്‍ പൊഴിച്ചില്ല. ബന്ധുക്കള്‍ക്ക് ഹൃദയം നഷ്ടപെട്ട അമ്മയായപ്പോള്‍ ഞാന്‍ അവളുടെ വേദനകളില്‍ നിശബ്ദ സഹയാത്രികയായി. യാത്ര പറച്ചിലുകള്‍ ഇല്ലാത്ത ഒരു യാത്രയില്‍ ഏതുനിമിഷവും വഴി മാറി സഞ്ചരിക്കേണ്ട സഹയാത്രിക.

                     നിയന്ത്രണം തെറ്റിവന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനൊപ്പം അവരുടെ ചിന്തകളും അസ്തമിച്ചു. മകള്‍ക്കായി വാങ്ങിയ ഡയറിയും പേനയും ചോരയുടെ ചുവപ്പ് വലിച്ചണിഞ്ഞുതുടങ്ങി. രോഗം തിന്നു തുടങ്ങിയ ഓരോ ദിവസത്തെയും കുറിച്ച് എഴുതണമെന്ന അവളുടെ ആഗ്രഹമാണ് ഇപ്പോള്‍ നിലത്തു ചിതറി കിടക്കുന്നത്. അശ്രദ്ധമായ മെഡിക്കല്‍ ടീമിന്‍റെ ഒരു രക്തദാനക്യാമ്പില്‍ നിന്ന് അവള്‍ സ്വീകരിച്ച എയിഡ്സ് വൈറസിനെയും പേറി, വഴിതെറ്റിപോയവള്‍ എന്ന ബന്ധുക്കളുടെ പരിഹാസത്തിന്റെ നിഴലില്‍ ആശുപത്രി മുറിയിലിങ്ങനെ, എത്രനാള്‍?

Saturday, June 8, 2013

വിശപ്പില്‍ നിന്ന് വിദ്യയിലേക്കിനിയെത്ര ദൂരം



               നാല് മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ചുറ്റിലുമുള്ള അന്ധകാരം ഇനിയും കണ്ണിലേക്ക് പ്രവേശിചിട്ടില്ല. നിമിഷ സൂചിക്കൊപ്പം എന്‍റെ ചിന്തകളും സഞ്ചരിച്ചു. ചിന്തകളുടെ കാല്‍പെരുമാറ്റമെന്നോണം അവ എന്‍റെ ചിന്തകളെക്കാള്‍ വേഗത കുറയ്ച്ചുവോ? നേരം വെളുക്കാന്‍ അധികസമയം ഇല്ല. കണ്ണടച്ചാലും തുറന്നുകിടന്നാലും മനസ്സില്‍ ഒരു മുഖം മാത്രമേ തെളിയുന്നുള്ളൂ. മാസങ്ങള്‍ക്ക് മുന്‍പ്  ഇതുപോലെയൊരു ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച അതേ ദയനീയ മുഖം. അന്ന് ഞാന്‍ ഇത്രകണ്ട് അസ്വസ്ഥമായിരുന്നില്ല. നല്ലതെന്തോ ചെയ്യുവാന്‍ പോകുന്നു എന്ന ധാരണ വേരുറച്ചു പോയതിനാല്‍ തന്നെ ആ മുഖത്തെ ദയനീയത മാത്രമേ എന്നെ അലട്ടിയുള്ളൂ. എന്നാല്‍ ഇന്ന്....
      
   മകളുടെ അലാറം എന്‍റെ ചിന്തകള്‍ക്ക് വിരാമമിട്ടു . അവള്‍ക്ക് എക്സാം ആണ്. അല്ലെങ്കിലും എക്സാം അടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ഒത്തിരി പഠിക്കാന്‍  ഉണ്ടാകും. പഠിച്ചു തീര്‍ന്നില്ലെങ്കിലും ടീച്ചര്‍ പഠിപ്പിച്ചില്ല എന്ന പരാതി ബാക്കിയും. നീട്ടിയടിച്ച അലാറം വീണ്ടും ഉറങ്ങി കൂടെ അവളും.
      
     നൂല്‍ പൊട്ടിയ പട്ടം പോലെയാണ് ചിന്തകളും. എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കും. ആ യാത്രയില്‍ നൂലിനെയോ തന്നെ നിയന്ത്രിക്കുന്ന കരങ്ങളെയോ പട്ടം ഓര്‍ക്കാറില്ല. ചിന്തകള്‍ കാടുകയറിയപ്പോള്‍ കരങ്ങള്‍ക്ക് വേഗത കുറഞ്ഞു. ബ്രെഡും ജാമും എന്നാ കോമ്പിനേഷന്‍ തന്ന സായിപ്പുകാരെയൊന്നും ഓര്‍ക്കാന്‍ സമയമില്ല. എല്ലാം റെഡിയാക്കി ടേബിളില്‍ വയ്ച് മകളെയും എഴുന്നേല്പിച് റെഡിയാകാന്‍ വിട്ടു.
         
        കാര്‍ ദുര്‍ഗുണപരിഹാര പാഠശാലയുടെ ഗേറ്റിനു മുന്നില്‍ നിര്‍ത്തുമ്പോള്‍  പതിവ് തെറ്റിയുള്ള ആ വരവില്‍ സെക്യൂരിറ്റി രാമേട്ടനും ഒന്ന് സംശയിച്ചു. പഠിച്ച മനശാസ്ത്രമാണ് കൌണ്‍സിലിംഗ് എന്നൊരു വഴി തുറന്നുതന്നത്. ആ പേരില്‍  എല്ലാ ബുധനാഴ്ചയും ഇങ്ങോട്ട് വരുമ്പോള്‍ ഒരു നിര്‍വികാരതയാണ്‌.  നിഷ്കളങ്ക ബാല്യത്തില്‍ മോക്ഷണത്തില്‍ തുടങ്ങി കൊലപാതകത്തിന്‍റെ പങ്കു വരെ പറ്റിയവര്‍ ഉണ്ടിവിടെ. അവര്‍ക്കുമുണ്ട് ചില ന്യായീകരണങ്ങള്‍, കണ്ണ് മൂടിക്കെട്ടിയ നീതി ദേവതയ്ക്ക് നിരക്കാത്ത; അവരുടെ മനസാക്ഷിയെ നീതീകരിക്കുന്ന ന്യായീകരണങ്ങള്‍.

     വരാന്തയിലൂടെ നടക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ എന്തോ തിരയുന്നുണ്ടായിരുന്നുവോ? അല്ല, ആരുടെയോ  കണ്ണില്‍ പെടാതെ ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു അവ. അധികം നടക്കും മുന്നേ തന്നെ ഗ്രൌണ്ടിലെ ബഞ്ചില്‍ ഇരുന്നു, തലകുനിച്ചു വടി കൊണ്ട് മണ്ണില്‍ കുത്തിക്കിളയ്ക്കുന്ന അവനെ ഞാന്‍ കണ്ടു. ഇന്നലെ ഞാന്‍ അവനെ കാണുമ്പോഴും ഇത് പോലെ തന്നെ അവന്‍ ഉണ്ടായിരുന്നു. പക്ഷെ എനിക്കെന്നെ അവന്‍റെ കണ്ണുകളില്‍ നിന്ന് മറയ്ക്കാന്‍ ഇന്നലെ  കഴിഞ്ഞിരുന്നില്ല. നേര്‍ക്കുനേരെ വന്നപ്പോള്‍ അവന്‍റെ കണ്ണുകള്‍ എനിക്ക് നേരെ ഉതിര്‍ത്ത ചോദ്യങ്ങള്‍ പലതായിരുന്നു. എന്‍റെ മനസിലുയര്‍ന്ന സംശയങ്ങളെക്കാള്‍ അവന്‍റെ നോട്ടമായിരുന്നു എന്നെ പരിഭ്രമിപ്പിച്ചത്, എന്‍റെ ഒരു രാത്രിയെ ചിന്തകള്‍ക്കൊപ്പം പറഞ്ഞയച്ചത്!

         ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ക്ലാസ് അധ്യാപികയുടെ ബാഗ് തുറന്നു ക്ലാസില്‍ നിന്ന് ശേഖരിച്ച പണം കവര്‍ന്നതും അത് പിടിച്ചു വാങ്ങാന്‍ ശ്രമിച്ച പീയൂണിനെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ചതുമായ അവന്‍റെ കുറ്റകൃത്യങ്ങള്‍  വാര്‍ഡന്‍ നിരത്തിയപ്പോള്‍ വെറുമൊരു കേള്‍വിക്കാരിയായ് ഞാന്‍.

      എതിരെ വന്ന യാത്രക്കാരുടെ ആക്രോശമോ നോട്ടമോ എന്നെ ബാധിച്ചില്ല. അനിയന്ത്രിതമായ മനസുപോലെ, നേരായ റോഡില്‍ വളവുകളും തിരിവുകളുമുണ്ടാക്കി   കാര്‍ അതിവേഗത്തില്‍ ഓടിച്ചു. ഞാന്‍ എന്നെ തന്നെ പഴിക്കുകയായിരുന്നു. ഹോട്ടലില്‍ ജോലി ചെയ്യുന്നത് കണ്ട ആറുവയസുകാരനോട് കരുണ തോന്നിയതില്‍, നിയമങ്ങള്‍ നിരത്തി ഹോട്ടലുടമയില്‍ നിന്നവനെ രക്ഷിച്ചതില്‍, ഒടുവില്‍ തളര്‍ന്നുപോയ അമ്മയുടെ അപേക്ഷ കേള്‍ക്കാതെ അവനെ പഠിക്കാന്‍ സ്കൂളില്‍ ചേര്‍ത്തതില്‍, വിദ്യയെക്കാള്‍ വിശപ്പ്‌ അവന്‍റെ ആവശ്യമാകുമ്പോള്‍ അവന്‍ വിശപ്പടക്കാന്‍ നോക്കുമെന്ന സാമാന്യബോധം ഇല്ലാതെ പോയതില്‍.

        വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ അയല്‍വാസിയായ തമിഴന്‍റെ മകന്‍ ഹോട്ടലിലേക്ക് വെള്ളം കോരിക്കൊണ്ട് പോകുന്നുണ്ടായിരുന്നു. വേനലിന്‍റെ വെയിലിനൊപ്പം അവനെ വെറുതെ വിട്ടിട്ട് ഞാന്‍ വീട്ടിലേക്ക് കയറി. പുതിയ ചിന്തകള്‍ ഭാരമാകുന്നത് വരെ പഴയ ചിന്തകളുടെ കൂടെ കുറച്ചു നാളുകള്‍.  





 

Friday, May 24, 2013

രാത്രി മഴയുടെ തോഴി

വഴിയോരക്കാഴ്ചകളില്‍
തിരഞ്ഞു, ചായ്ഞ്ഞു
നിന്‍ ഓര്‍മകളില്‍
കണ്ണുംനട്ടിരുന്നു .

അകന്നുമടുത്തുമൊരു
യാത്രയ്ക്കൊടുവിലായ്
വഴിപിരിഞ്ഞ നമുക്കിനി
ഓര്‍മകള്‍ നേര്‍ക്കാഴ്ചകള്‍.

ഇനിയും സൗഹൃദമേ
നീയെനിക്ക് നിലാമഴ.
പെയ്തും പെയ്യാതെയു-
മെന്നില്‍ ശേഷിച്ചവള്‍ .

എന്‍റെ ഓര്‍മകളില്‍
കനത്ത മഴതുള്ളികളാല്‍
മുറിവേല്‍പിച്ചകന്ന എന്‍റെ
രാത്രി മഴയുടെ തോഴി.

Sunday, April 28, 2013

-*നിശബ്ദത*-

പരിചയാണ്, ഉത്തരമില്ലാത്ത ചോദ്യ-
ചിഹ്നങ്ങള്‍ക്ക് വിരാമമേകുന്ന നിശബ്ദത.

വിജയമാണ്, അഹംഭാവത്തിന് മേല്‍
 മിനുക്കിതേയ്ച്ചു സഫലമാക്കുന്ന  നിശബ്ദത.

പരാജയമാണ്, വിമര്‍ശനങ്ങള്‍ക്ക് മേല്‍
നിന്നെ തന്നെ മറച്ചുവയ്ക്കുന്ന നിശബ്ദത.

നിസഹായതയാണ്, നീട്ടുന്ന വിശന്നകരങ്ങള്‍ക്ക് 
പിന്നിലായ് ഒളിഞ്ഞിരിക്കുന്ന നിശബ്ദത. 

പ്രണയമാണ്,  ഒടുങ്ങാത്ത തിരിച്ചറിയലുകളുടെ 
പൂര്‍ണതയില്‍ ജീവന്‍ വയ്ക്കുന്ന നിശബ്ദത.

പൂര്‍ണതയാണ്, അറിവിന്‍റെ തേജ-പ്രഭയില്‍
അധരങ്ങളില്‍ സൂക്ഷിക്കുന്ന നിശബ്ദത.

Friday, April 5, 2013

ദാരിദ്ര്യം


തളിരിട്ട ജീവാംശത്തെ,
ചേറില്‍ ഒളിപ്പിക്കുന്ന,
ജീവവൃക്ഷങ്ങള്‍ക്ക് ,
മുലപ്പാല്‍ ദാരിദ്യം.


ഗുരുവിന്‍റെ പാദങ്ങളില്‍,
മഴുവയ്ച്ചു ശീലിച്ച,
ശിഷ്യഗണത്തിന്,
ഗുരുത്വ ദാരിദ്ര്യം.

അഹംഭാവ പൂര്‍ണതയില്‍,
പരസ്പരം വേരറുക്കുന്ന
ഹൃദയപങ്കാളികള്‍ക്ക്,
സ്നേഹ ദാരിദ്ര്യം.
 

സമ്പത്തിന്‍റെ മദ്ധ്യത്തില്‍
കൊഴുത്തുതഴച്ച
മനുഷ്യക്കോമരങ്ങള്‍ക്ക്,
മൂല്യ-ദാരിദ്ര്യം.

എല്ലാം വിട്ടെറിഞ്ഞ് ലോക-
സേവനത്തിനിറങ്ങിയ,
മനുഷ്യാത്മാക്കള്‍ക്ക്‌,
ഭക്ഷണ ദാരിദ്ര്യം.

എല്ലാറ്റിനുമൊടുവില്‍,
അക്ഷരസമ്പന്നതയിലും,
പുതു തലമുറയ്ക്ക്,
ഭാഷാദാരിദ്ര്യം.





Thursday, April 4, 2013

-ഫെയ്ക്ക് -


ഓര്‍മകളില്‍ ശ്വാസംമുട്ടി വിളറിയ മുഖത്തില്‍,
കണ്ണീര്‍ ചാലുകള്‍ക്ക് ഉണക്ക് രോഗം. 

കാലത്തിന്‍റെ കഴുമരത്തില്‍ തൂക്കികൊല്ലപ്പെട്ട
സ്വപ്‌നങ്ങള്‍ അവളെ നോക്കി പുഞ്ചിരിച്ചു.

ഇടറിയ പാദങ്ങളില്‍ പുരണ്ട നിഷ്കളങ്കരക്തം
മണല്‍തരികളില്‍ ചവിട്ടിചേര്‍ത്തവള്‍ നടന്നു.

പുണരുന്ന പുതിയതിരകളോട് മൊഴിഞ്ഞതെല്ലാം
പുതിയത്, പേരും നാളും സ്ഥലവും.


വീണ്ടുമൊരുവന്‍റെ സ്വപ്‌നങ്ങള്‍ ആകാശത്തേക്ക്,
ചിറകറ്റു താഴെ വീഴുമ്പോള്‍ ചവിട്ടിയരച്ചവള്‍ വീണ്ടും.
.





Friday, March 22, 2013

പ്രണയിനി


രാത്രികളില്‍ നിന്‍ മൃദുസ്പര്‍ശമേല്‍ക്കാതെ,
ചാറിയും ചിണുങ്ങിയും പിന്നെ പരിഭവിച്ചും,
ഏകയാണെന്നുള്ളില്‍ വിതുമ്പിക്കരഞ്ഞുമെ-
ന്നാത്മം നിനക്കായ് കാത്തിരിപ്പൂ.
ഇരുട്ടുകയറിയ ചിന്തകളില്‍ തെരുവു-
വിളക്കുപോല്‍ നിന്നോര്‍മകള്‍.
നിശബ്ദതയ്ക്കൊടുവില്‍ നീ വരുമെന്ന്-
സമാശ്വസിപ്പിച്ചു ഞാന്‍ എന്‍ കിടക്കയെ. 
ഇരുട്ടിന്‍ മറവില്‍ നിന്‍റെ കാലൊച്ചകള്‍,
അസഹ്യമായ് മുഴങ്ങുന്നു  മനസിന്‍റെ വഴികളില്‍.
നിദ്രയെ നീ എന്നെ പുണരുക,
എന്‍റെ എല്ലാവേദനകളും നിന്നിലെക്കാവഹിച്ചു,
ഒടുവിലൊരു നേര്‍ത്ത ചുംബനത്താല്‍ എന്‍,
മിഴിനീര്‍തുള്ളികള്‍ ഒപ്പിയെടുത്തെന്നെ പുണരുക.

ഒരു മഴവേണം


ഒരു മഴവേണമെന്നെ തണുപ്പിച്ച്,
കുളിര്‍പ്പിച്ചു പിന്നെ ഞൊടിയിടയിലെ-
ന്നിലൊരു തുള്ളല്‍ പനിയായ് ശേഷിക്കുവാന്‍.

ഒരു മഴവേണമീ മണ്ണിന്‍റെ മക്കളുടെ ,
വരണ്ട ഹൃദയങ്ങളില്‍ പെയ്തലചൊ-
ടുവില്‍ ജീവന്‍റെ വിറയലായ് ശേഷിക്കുവാന്‍

Tuesday, March 19, 2013

അന്വേഷിണി


എന്നിലേക്ക് തന്നെ ഒതുങ്ങിയിരിക്കുന്നു,
അന്വേഷിണിയായ്,
ആത്മം തേടിയൊടുവിലൊരു ഈയാംപാറ്റ പോല്‍,
സത്യത്തിന്‍ ചൂടില്‍ എരിഞ്ഞമര്‍ന്നീടുമോ?

Thursday, February 21, 2013

മഴപ്പൊട്ട്

ആകാശമേ നിന്‍ വിരിമാറിലാ,
യൊളിപ്പിച്ച ദുഃഖങ്ങള്‍ പെയ്തിറക്കൂ.
മഴമേഘമേ നിന്‍ കുടക്കീഴിലായ് വിരിയും,
മിഴിനീര്‍പൂക്കളെനിക്ക് പകുത്തുനല്‍കൂ.