Sunday, September 27, 2015

അർത്ഥമില്ലാതെ

അക്ഷരങ്ങൾക്ക്‌ ലിംഗമിട്ടവന്റെ
നിശാ സഞ്ചാരങ്ങൾ.
കാലാതീതമായ്‌ വിരിയുന്ന
ഇരട്ട മുഖങ്ങൾ.
വ്യജ്ഞനങ്ങളുടെ വഴി തെറ്റിച്ച
ചില്ലക്ഷരങ്ങൾ.
നിര തെറ്റാതെ ഒക്കെയും
അവനിന്നലെ എഴുതിയ കവിതയിൽ
ഉണക്കാനിട്ട ഉപമകളായ്.

Thursday, September 17, 2015

രാപ്പെണ്ണിന്‍റെ മൗനം

മേഘവും കാറ്റും ഒന്നായ്
പെയ്തൊഴിഞ്ഞാലും
നിന്‍റെ വരവിനായ് എന്നുമീ
പകല്‍  മിഴിയടയ്ക്കും

നിന്നെ  കീറി മുറിച്ചാകണം
പകലിന്‍റെ തെരുവുനായ്ക്കള്‍ 
ആയുധം മിനുക്കിയതും 
ആലകളില്‍ ഒളിപ്പിച്ചതും.

പടര്‍ന്നു പന്തലിച്ച നിന്‍റെ
മരത്തണലിലാണ് ഒരുവന്‍റെ
വിയര്‍പ്പുതുള്ളികള്‍ തുലാസിനു
ഭാരമായ്  വീതിക്കപ്പെട്ടത്.

നിന്‍റെ ഉമ്മറപ്പടിയില്‍
പിച്ചിചീന്തിയ കടലാസുകള്‍
ചേര്‍ത്ത്  വയ്ച്ചതില്‍ 
നിറഞ്ഞതൊരു  പെണ്-കവിതയല്ലേ.

നിന്‍റെ  അകത്തളങ്ങളിലല്ലേ
നിര്‍ദോഷിയുടെ  വിചാരങ്ങളെ
നിര്‍ദ്ദയം  കാപട്യത്തിന്‍
കഴുമരത്തില്‍ തൂക്കിലേറ്റിയത് .

നിന്‍റെയൊരു വാക്കില്‍ 
എത്ര ജീവന്‍റെ ചോദ്യങ്ങള്‍ 
അസ്തമിച്ചേനെയെങ്കിലും
നിന്‍റെ ദുര്‍-വാശി!

ഈറനണിഞ്ഞു  കാല്പാടുകള്‍ 
ചേര്‍ക്കാതെ ഈ മണ്ണില്‍ 
മൂകയായ്‌  നടന്നകലും നീ
പകലിന്‍ പാദസ്വരം തേടി.

നിന്‍റെ മടിത്തട്ടില്‍ പിറന്നുവീണ
കഥാനായകരുടെ അടക്കം പറച്ചില്‍
അലയടിച്ചു കാറ്റില്‍ ഒപ്പം
നിന്‍റെ  പാദസ്വരമണികളും

Thursday, September 10, 2015

മഴനൂല്‍പാലങ്ങള്‍

-മഴനൂല്‍പാലങ്ങള്‍-
--------------------------------------
മരണം പേറിപോകുന്നവന്‍റെ
യാത്രയ്ക്ക് വേഗമിട്ട്
ഇരുട്ടിന്‍റെ വഴുക്കലുകള്‍.
നിനയ്ക്കാതെ നേടിടും
വിളവുകളുടെ നെഞ്ചില്‍
കനല്‍ചാലായ് മിന്നല്‍ തുള്ളികള്‍.
കൂട്ടിപ്പെറുക്കി കുത്തിപൊക്കിയ
കൂരകള്‍ക്ക് മേല്‍
വേരറ്റു വീണിടുന്ന പടുമരങ്ങള്‍.
വഴിതെറ്റിയ തോടുകള്‍
പട്ടിണി പച്ചകുത്തി
ഇറങ്ങിപോയ കുടിലുകള്‍.
വയലിന്‍റെ വായില്‍ മണ്ണിട്ട്
വരച്ച പാതകളില്‍
ഉറ പൊട്ടിയ മഹാ തടാകങ്ങള്‍.
അതിരില്ലാ കടലിന്‍റെ
ഭിത്തികള്‍ മണലാക്കി
ഉയരുന്ന ഭ്രാന്തന്‍ തിരമാലകള്‍.
കെടുതിയെത്താത്ത കൊട്ടാരങ്ങളില്‍
ക്ഷാമബത്ത വിരിക്കും
മഹാബലി ഭരണകൂടം.
നാഡി മരവിച്ചവന്‍റെ
നെഞ്ചിന്‍ നേരിപ്പോടുകളില്‍
തണുപ്പെറിയുന്ന ആലിപ്പഴങ്ങള്‍.
പിഴുതെറിഞ്ഞ വൈദ്യുതി
കമ്പികളില്‍ തൂങ്ങിയാടുന്നു
ജീവന്‍റെ ഞെരുക്കങ്ങള്‍.
ഇരുട്ട് വിഴുങ്ങിയ നവ
മാധ്യമങ്ങള്‍ക്ക് അന്യനായ്
ഭ്രാന്തന്‍ വിരലുകള്‍.
പ്രതീക്ഷതന്‍ പ്രളയങ്ങളില്‍
കനല്‍ പാതകളായ്
പ്രകൃതിതീര്‍ത്ത മഴനൂല്‍ പാലങ്ങള്‍.
മണ്ണിനും വിണ്ണിനുമിടയലീ
പാലങ്ങള്‍ തീര്‍ത്തിടും
ദുരിതങ്ങളുടെ ഘോഷയാത്രകള്‍.
---------------------------------------------------