Saturday, June 8, 2013

വിശപ്പില്‍ നിന്ന് വിദ്യയിലേക്കിനിയെത്ര ദൂരം



               നാല് മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ചുറ്റിലുമുള്ള അന്ധകാരം ഇനിയും കണ്ണിലേക്ക് പ്രവേശിചിട്ടില്ല. നിമിഷ സൂചിക്കൊപ്പം എന്‍റെ ചിന്തകളും സഞ്ചരിച്ചു. ചിന്തകളുടെ കാല്‍പെരുമാറ്റമെന്നോണം അവ എന്‍റെ ചിന്തകളെക്കാള്‍ വേഗത കുറയ്ച്ചുവോ? നേരം വെളുക്കാന്‍ അധികസമയം ഇല്ല. കണ്ണടച്ചാലും തുറന്നുകിടന്നാലും മനസ്സില്‍ ഒരു മുഖം മാത്രമേ തെളിയുന്നുള്ളൂ. മാസങ്ങള്‍ക്ക് മുന്‍പ്  ഇതുപോലെയൊരു ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച അതേ ദയനീയ മുഖം. അന്ന് ഞാന്‍ ഇത്രകണ്ട് അസ്വസ്ഥമായിരുന്നില്ല. നല്ലതെന്തോ ചെയ്യുവാന്‍ പോകുന്നു എന്ന ധാരണ വേരുറച്ചു പോയതിനാല്‍ തന്നെ ആ മുഖത്തെ ദയനീയത മാത്രമേ എന്നെ അലട്ടിയുള്ളൂ. എന്നാല്‍ ഇന്ന്....
      
   മകളുടെ അലാറം എന്‍റെ ചിന്തകള്‍ക്ക് വിരാമമിട്ടു . അവള്‍ക്ക് എക്സാം ആണ്. അല്ലെങ്കിലും എക്സാം അടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ഒത്തിരി പഠിക്കാന്‍  ഉണ്ടാകും. പഠിച്ചു തീര്‍ന്നില്ലെങ്കിലും ടീച്ചര്‍ പഠിപ്പിച്ചില്ല എന്ന പരാതി ബാക്കിയും. നീട്ടിയടിച്ച അലാറം വീണ്ടും ഉറങ്ങി കൂടെ അവളും.
      
     നൂല്‍ പൊട്ടിയ പട്ടം പോലെയാണ് ചിന്തകളും. എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കും. ആ യാത്രയില്‍ നൂലിനെയോ തന്നെ നിയന്ത്രിക്കുന്ന കരങ്ങളെയോ പട്ടം ഓര്‍ക്കാറില്ല. ചിന്തകള്‍ കാടുകയറിയപ്പോള്‍ കരങ്ങള്‍ക്ക് വേഗത കുറഞ്ഞു. ബ്രെഡും ജാമും എന്നാ കോമ്പിനേഷന്‍ തന്ന സായിപ്പുകാരെയൊന്നും ഓര്‍ക്കാന്‍ സമയമില്ല. എല്ലാം റെഡിയാക്കി ടേബിളില്‍ വയ്ച് മകളെയും എഴുന്നേല്പിച് റെഡിയാകാന്‍ വിട്ടു.
         
        കാര്‍ ദുര്‍ഗുണപരിഹാര പാഠശാലയുടെ ഗേറ്റിനു മുന്നില്‍ നിര്‍ത്തുമ്പോള്‍  പതിവ് തെറ്റിയുള്ള ആ വരവില്‍ സെക്യൂരിറ്റി രാമേട്ടനും ഒന്ന് സംശയിച്ചു. പഠിച്ച മനശാസ്ത്രമാണ് കൌണ്‍സിലിംഗ് എന്നൊരു വഴി തുറന്നുതന്നത്. ആ പേരില്‍  എല്ലാ ബുധനാഴ്ചയും ഇങ്ങോട്ട് വരുമ്പോള്‍ ഒരു നിര്‍വികാരതയാണ്‌.  നിഷ്കളങ്ക ബാല്യത്തില്‍ മോക്ഷണത്തില്‍ തുടങ്ങി കൊലപാതകത്തിന്‍റെ പങ്കു വരെ പറ്റിയവര്‍ ഉണ്ടിവിടെ. അവര്‍ക്കുമുണ്ട് ചില ന്യായീകരണങ്ങള്‍, കണ്ണ് മൂടിക്കെട്ടിയ നീതി ദേവതയ്ക്ക് നിരക്കാത്ത; അവരുടെ മനസാക്ഷിയെ നീതീകരിക്കുന്ന ന്യായീകരണങ്ങള്‍.

     വരാന്തയിലൂടെ നടക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ എന്തോ തിരയുന്നുണ്ടായിരുന്നുവോ? അല്ല, ആരുടെയോ  കണ്ണില്‍ പെടാതെ ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു അവ. അധികം നടക്കും മുന്നേ തന്നെ ഗ്രൌണ്ടിലെ ബഞ്ചില്‍ ഇരുന്നു, തലകുനിച്ചു വടി കൊണ്ട് മണ്ണില്‍ കുത്തിക്കിളയ്ക്കുന്ന അവനെ ഞാന്‍ കണ്ടു. ഇന്നലെ ഞാന്‍ അവനെ കാണുമ്പോഴും ഇത് പോലെ തന്നെ അവന്‍ ഉണ്ടായിരുന്നു. പക്ഷെ എനിക്കെന്നെ അവന്‍റെ കണ്ണുകളില്‍ നിന്ന് മറയ്ക്കാന്‍ ഇന്നലെ  കഴിഞ്ഞിരുന്നില്ല. നേര്‍ക്കുനേരെ വന്നപ്പോള്‍ അവന്‍റെ കണ്ണുകള്‍ എനിക്ക് നേരെ ഉതിര്‍ത്ത ചോദ്യങ്ങള്‍ പലതായിരുന്നു. എന്‍റെ മനസിലുയര്‍ന്ന സംശയങ്ങളെക്കാള്‍ അവന്‍റെ നോട്ടമായിരുന്നു എന്നെ പരിഭ്രമിപ്പിച്ചത്, എന്‍റെ ഒരു രാത്രിയെ ചിന്തകള്‍ക്കൊപ്പം പറഞ്ഞയച്ചത്!

         ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ക്ലാസ് അധ്യാപികയുടെ ബാഗ് തുറന്നു ക്ലാസില്‍ നിന്ന് ശേഖരിച്ച പണം കവര്‍ന്നതും അത് പിടിച്ചു വാങ്ങാന്‍ ശ്രമിച്ച പീയൂണിനെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ചതുമായ അവന്‍റെ കുറ്റകൃത്യങ്ങള്‍  വാര്‍ഡന്‍ നിരത്തിയപ്പോള്‍ വെറുമൊരു കേള്‍വിക്കാരിയായ് ഞാന്‍.

      എതിരെ വന്ന യാത്രക്കാരുടെ ആക്രോശമോ നോട്ടമോ എന്നെ ബാധിച്ചില്ല. അനിയന്ത്രിതമായ മനസുപോലെ, നേരായ റോഡില്‍ വളവുകളും തിരിവുകളുമുണ്ടാക്കി   കാര്‍ അതിവേഗത്തില്‍ ഓടിച്ചു. ഞാന്‍ എന്നെ തന്നെ പഴിക്കുകയായിരുന്നു. ഹോട്ടലില്‍ ജോലി ചെയ്യുന്നത് കണ്ട ആറുവയസുകാരനോട് കരുണ തോന്നിയതില്‍, നിയമങ്ങള്‍ നിരത്തി ഹോട്ടലുടമയില്‍ നിന്നവനെ രക്ഷിച്ചതില്‍, ഒടുവില്‍ തളര്‍ന്നുപോയ അമ്മയുടെ അപേക്ഷ കേള്‍ക്കാതെ അവനെ പഠിക്കാന്‍ സ്കൂളില്‍ ചേര്‍ത്തതില്‍, വിദ്യയെക്കാള്‍ വിശപ്പ്‌ അവന്‍റെ ആവശ്യമാകുമ്പോള്‍ അവന്‍ വിശപ്പടക്കാന്‍ നോക്കുമെന്ന സാമാന്യബോധം ഇല്ലാതെ പോയതില്‍.

        വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ അയല്‍വാസിയായ തമിഴന്‍റെ മകന്‍ ഹോട്ടലിലേക്ക് വെള്ളം കോരിക്കൊണ്ട് പോകുന്നുണ്ടായിരുന്നു. വേനലിന്‍റെ വെയിലിനൊപ്പം അവനെ വെറുതെ വിട്ടിട്ട് ഞാന്‍ വീട്ടിലേക്ക് കയറി. പുതിയ ചിന്തകള്‍ ഭാരമാകുന്നത് വരെ പഴയ ചിന്തകളുടെ കൂടെ കുറച്ചു നാളുകള്‍.  





 

3 comments:

  1. കണ്ടാല്‍ കരളുരുകിപ്പോകുന്ന കാഴച്ചകളാണല്ലേ?

    ReplyDelete
  2. വിശപ്പടക്കാൻ പാടു പെടുന്ന ബാല്യങ്ങൾ..
    ചില്ലറ അക്ഷരതെറ്റുകൾ കൂടെ ശ്രദ്ധിക്കുമല്ലോ..
    ചിന്തകളുടെ കാല്‍പെരുമാറ്റമെന്നോണം അവ എന്‍റെ ചിന്തകളെക്കാള്‍ വേഗത കുറയ്ച്ചുവോ?..ഈ ലൈൻ മനസ്സിലായില്ല..

    എഴുത്തിനും, ചിന്തയ്ക്കും ആശംസകൾ..

    ReplyDelete
    Replies
    1. ചിന്തകള്‍ സമയ സൂചികളെകാള്‍ വേഗത കൈവരിച്ചു എന്നാണ് ഉദ്ദേശിച്ചത്. (സമയ സൂചികള്‍ എന്‍റെ ചിന്തകളുടെ കാല്‍പെരുമാറ്റം ആയി മാറി )

      തിരുത്തലുകള്‍ ശ്രദ്ധിക്കാം...

      Delete