Saturday, September 20, 2014

'മര'ജന്മം

ഇനി എന്നിലേക്കൊന്ന് ഒതുങ്ങണം,

ശിഖരങ്ങളും ഇലകളും

പൂക്കളും കായ്കളും ഒപ്പമെൻതായ് 

വേരുകളുമെന്നിൽകുഴിച്ചീടണം.


ഒരു മഴക്കാറ്റിനു മുൻപെന്റെ

തായ് തണ്ടിൽ നിന്നറ്റുപോയ്

മഴ തടങ്ങളിലെ കിനിവുകൾക്കിടയിലെ

നിശബ്ദ കുടീരത്തിലിടം തേടണം.


തെളിയുന്ന സൂര്യന്റെ വരവോളമെന്നിലെ

കിനാക്കളെ കിളിർപ്പിക്കണം

പുതുനാമ്പുകളിലേക്കെൻ ജീവൻ പകർന്ന്

അജ്ഞാതമായ് മണ്ണിൽ അലിയണം.


ഇനി എന്നിലേക്കൊന്ന്ഒതുങ്ങണം

ഒരു മരമായ് വളർന്നീടുവാൻ.

ഉള്ളിലൊളിപ്പിക്കും തീർത്ഥക്കുളങ്ങളുടെ

തണുപ്പും കുളിരും പകരുവാൻ.

Monday, March 17, 2014

പെണ്ണുറവകള്‍

നാഭിയുടെ വേരിടങ്ങളില്‍

നീരുറവ ഊറുന്നുണ്ട്.
അശുദ്ധിയുടെ ചോരമണം
പടര്‍ന്ന രാവുകളില്ല.
കന്ദര്‍പ്പ ജ്വരം പിടിച്ചവന്റെ
ഭ്രാന്തന്‍ ചുംബനങ്ങളില്ല.
ചുരുണ്ട പുതപ്പിനുള്ളിലായ്
താളമറ്റ വികല ശബ്ദങ്ങള്‍.
ചുഴി തീര്‍ത്ത അടിമണ്ണില്‍
വരള്‍ച്ച ആഴ്ന്നെങ്കില്‍,
ജീവന്റെ മഞ്ഞുമഴയീയുറവ
നനയ്ക്കാതിരുന്നെങ്കില്‍.
നുരഞ്ഞുപൊന്തിയ ആശകള്‍
വീണു മരിക്കുന്ന നീരുറവകള്‍.
വായിലെറിഞ്ഞ മണ്ണിനാല്‍,
മലിനമാക്കപ്പെട്ട നനവുകള്‍.
ഉറവില്‍ തന്നെയുറവകള്‍
വേരറുക്കപ്പെടുന്നു.
സിരകളിലെന്നോ ഇടിച്ചിറങ്ങിയ
ജ്വര ചൂട് വിളമ്പുന്നവള്‍,
പോറലേറ്റ ചില്ലുപാത്രത്തിന്‍

ഉടയാത്ത തലങ്ങളില്‍.