Friday, March 22, 2013

പ്രണയിനി


രാത്രികളില്‍ നിന്‍ മൃദുസ്പര്‍ശമേല്‍ക്കാതെ,
ചാറിയും ചിണുങ്ങിയും പിന്നെ പരിഭവിച്ചും,
ഏകയാണെന്നുള്ളില്‍ വിതുമ്പിക്കരഞ്ഞുമെ-
ന്നാത്മം നിനക്കായ് കാത്തിരിപ്പൂ.
ഇരുട്ടുകയറിയ ചിന്തകളില്‍ തെരുവു-
വിളക്കുപോല്‍ നിന്നോര്‍മകള്‍.
നിശബ്ദതയ്ക്കൊടുവില്‍ നീ വരുമെന്ന്-
സമാശ്വസിപ്പിച്ചു ഞാന്‍ എന്‍ കിടക്കയെ. 
ഇരുട്ടിന്‍ മറവില്‍ നിന്‍റെ കാലൊച്ചകള്‍,
അസഹ്യമായ് മുഴങ്ങുന്നു  മനസിന്‍റെ വഴികളില്‍.
നിദ്രയെ നീ എന്നെ പുണരുക,
എന്‍റെ എല്ലാവേദനകളും നിന്നിലെക്കാവഹിച്ചു,
ഒടുവിലൊരു നേര്‍ത്ത ചുംബനത്താല്‍ എന്‍,
മിഴിനീര്‍തുള്ളികള്‍ ഒപ്പിയെടുത്തെന്നെ പുണരുക.

ഒരു മഴവേണം


ഒരു മഴവേണമെന്നെ തണുപ്പിച്ച്,
കുളിര്‍പ്പിച്ചു പിന്നെ ഞൊടിയിടയിലെ-
ന്നിലൊരു തുള്ളല്‍ പനിയായ് ശേഷിക്കുവാന്‍.

ഒരു മഴവേണമീ മണ്ണിന്‍റെ മക്കളുടെ ,
വരണ്ട ഹൃദയങ്ങളില്‍ പെയ്തലചൊ-
ടുവില്‍ ജീവന്‍റെ വിറയലായ് ശേഷിക്കുവാന്‍

Tuesday, March 19, 2013

അന്വേഷിണി


എന്നിലേക്ക് തന്നെ ഒതുങ്ങിയിരിക്കുന്നു,
അന്വേഷിണിയായ്,
ആത്മം തേടിയൊടുവിലൊരു ഈയാംപാറ്റ പോല്‍,
സത്യത്തിന്‍ ചൂടില്‍ എരിഞ്ഞമര്‍ന്നീടുമോ?