Monday, June 17, 2013

സഹയാത്രിക

                 മഴ നെയ്തുചെര്‍ത്ത ജലകണങ്ങള്‍ അവരുടെ മുഖത്തുള്ള പരിഭ്രമത്തിന്‍റെ വിയര്‍പ്പുകണികകളെ മറച്ചു വയ്ച്ചു. ഒരുനാള്‍ സഹയാത്രികയുടെ കൈയിലിരുന്ന ചായ സാരിയില്‍വീണതിനു അവരെ ഒരു മണിക്കൂര്‍ ട്രെയിനില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല. ഇന്നിപ്പോള്‍ റോഡിലെ കുഴികളും പൊട്ടിയൊലിക്കുന്ന ഓടയിലെ നഗരമാലിന്യങ്ങളും അവളുടെ കാലിന്‍റെ വേഗത കുറച്ചില്ല. മനുഷ്യന്‍ അങ്ങനെയാണ്, ആവശ്യകതയുടെയും തിരക്കിന്‍റെയുമിടയില്‍ പലതും കണ്ടില്ലെന്നു നടിക്കാനാകും. നഗരമാലിന്യങ്ങള്‍ പലതും നമ്മളെ ഓര്‍മിപ്പിക്കും. ഉല്ലസയാത്രയ്ക്കിടയില്‍ നിസാരമായി തള്ളികളഞ്ഞ കുറെ പ്ലാസ്റിക് കുപ്പികള്‍, അപകടത്തില്‍ പെട്ട് വഴിയോരോത് വീണു പോയ യാത്രക്കാരുടെ ചെരിപ്പുകള്‍, ജോലിക്ക് പോകുന്ന തിരക്കിനിടയില്‍ നിന്ന് തിരിയാന്‍ വേണ്ടും മുറ്റം ഇല്ലാത്തവരുടെ നിക്ഷേപങ്ങള്‍, എല്ലാത്തിനുംപുറമേ രോഗികളെസംരക്ഷിച്ചു നാട്ടുകാരെ രോഗികളാക്കുന്ന ആശുപത്രികളുടെ മാലിന്യനിക്ഷേപവും.

                        ഫോണ്‍ ഇടയ്ക്ക് ഇടയ്ക്ക് ചിലയ്ക്കുന്നുണ്ട് . ഓരോ ശബ്ദം കേള്‍ക്കുമ്പോഴും ഹൃദയമിടിപ്പും കൂടുന്നു. മുന്‍പൊക്കെ ഓട്ടോറിക്ഷക്കാര്‍ ഒരു ചെറിയഓട്ടം കിട്ടാന്‍ കാത്തിരിക്കും. ഇന്നിപ്പോള്‍ രണ്ടുകിലോമീറ്റര്‍ പോകാന്‍ ഇരട്ടികൊടുക്കാമെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ കൊണ്ടുപോയാലയി. അയലത്തെ ചേച്ചി രാവിലെ തന്ന തുക മരുന്നിനു പോലും തികയില്ല. ബാധ്യതകള്‍ക്ക് മുന്നില്‍ മഴയുടെയും വെയിലിന്റെയും കാഠിന്യം കുറയും. മഴയുടെ തണുപ്പോ വെയിലിന്‍റെ ചൂടോ നമ്മുടെ സിരകളെ തളര്തില്ല. പത്തുമിനിറ്റ് ദൂരം കൂടെ നടക്കാനുണ്ട്. എത്തുമ്പോഴേക്കും?

                        ഇടയ്ക്കിടെ കോളേജ് യൂണിയന്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പില്‍ മകള്‍ സ്ഥിരാംഗം ആയിരുന്നു. അത്യപൂര്‍വ്വ AB -ve ബ്ലഡ്കൊടുക്കാന്‍ അവള്‍ മടി കാണിച്ചിരുന്നില്ല.പോകാന്‍ പറ്റുന്ന സ്ഥലം ആണെങ്കില്‍ പോയിരിക്കും. നന്മ പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് എന്നെ പഠിപ്പിച്ച മത നേതാക്കളെയോ അവളുടെ കൂട്ടുകാരെയോ ഞാന്‍ കണ്ടില്ല. ഇത്രയും നാള്‍ രക്തം നല്‍കിയവള്‍ക്ക് ഇനി അതിനു കഴിയില്ല. അവളുടെ രക്തത്തിന് പുതിയ അവകാശികളായി.

                      മുന്പ് രോഗ നിര്‍ണയം അസാധ്യമായിരുന്നു. അന്ന് കാലന്‍ നിത്യ സന്ദര്‍ശകന്‍ ആയി വീടുകളില്‍. കാലം മാറി, പഠനവും ഗവേഷണവും പുരോഗമിച്ചു. ഇന്ന് രോഗ നിര്‍ണയം സാധ്യമാകുമ്പോള്‍ ചികിത്സ അപ്രാപ്യമായിരിക്കുന്നു. ആകുലതകള്‍ മകളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തില്ല. നെഞ്ചുപൊട്ടി തകര്‍ന്നാലും അവളുടെ വേദനകള്‍ക്ക് ശമനമുണ്ടാകില്ല. വളരെ വൈകി ലഭിച്ച ഈ തിരിച്ചറിവുകള്‍ക്ക്‌ ശേഷം എന്‍റെ കണ്ണുകള്‍ അവളുടെ ജീവന് വേണ്ടി മിഴിനീര്‍ പൊഴിച്ചില്ല. ബന്ധുക്കള്‍ക്ക് ഹൃദയം നഷ്ടപെട്ട അമ്മയായപ്പോള്‍ ഞാന്‍ അവളുടെ വേദനകളില്‍ നിശബ്ദ സഹയാത്രികയായി. യാത്ര പറച്ചിലുകള്‍ ഇല്ലാത്ത ഒരു യാത്രയില്‍ ഏതുനിമിഷവും വഴി മാറി സഞ്ചരിക്കേണ്ട സഹയാത്രിക.

                     നിയന്ത്രണം തെറ്റിവന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനൊപ്പം അവരുടെ ചിന്തകളും അസ്തമിച്ചു. മകള്‍ക്കായി വാങ്ങിയ ഡയറിയും പേനയും ചോരയുടെ ചുവപ്പ് വലിച്ചണിഞ്ഞുതുടങ്ങി. രോഗം തിന്നു തുടങ്ങിയ ഓരോ ദിവസത്തെയും കുറിച്ച് എഴുതണമെന്ന അവളുടെ ആഗ്രഹമാണ് ഇപ്പോള്‍ നിലത്തു ചിതറി കിടക്കുന്നത്. അശ്രദ്ധമായ മെഡിക്കല്‍ ടീമിന്‍റെ ഒരു രക്തദാനക്യാമ്പില്‍ നിന്ന് അവള്‍ സ്വീകരിച്ച എയിഡ്സ് വൈറസിനെയും പേറി, വഴിതെറ്റിപോയവള്‍ എന്ന ബന്ധുക്കളുടെ പരിഹാസത്തിന്റെ നിഴലില്‍ ആശുപത്രി മുറിയിലിങ്ങനെ, എത്രനാള്‍?

3 comments:

  1. ബാദ്ധ്യതകള്‍ക്ക് മുന്നില്‍ മഴയും വെയിലും ദൂരവും ഒക്കെ എളുതായിത്തോന്നും

    ReplyDelete
  2. കഥയോ..അനുഭവമോ..ഭാവനയോ..മഹാദുരന്തം ഏറ്റുവാങ്ങിയ ഈ ജീവിതം..?

    ReplyDelete