Wednesday, August 22, 2012

നീ പെണ്‍കുഞ്ഞ്

തിരിച്ചെത്തുവാന്‍ ആകില്ല,
അറിയാം ഗൃഹാതുരത്വതിന്‍-
സുരക്ഷിത വലയം നിന്‍
ഉള്ളില്‍ മാത്രമാണെന്നു കരുതി ഞാന്‍.
പിച്ചി ചീന്തപെടുന്ന മാംസങ്ങള്‍
വിലപേശുന്ന അമ്മമാര്‍,
സ്വരക്തം മറന്ന താതാക്കള്‍.

തിരിചെത്തുവാന്‍ ആഗ്രഹിച്ചേറ്റവും
സുരക്ഷിതമാം നിന്‍ ഗര്‍ഭ പാത്രത്തില്‍
നീ പെണ്‍കുഞ്ഞ് - സുരക്ഷിതയല്ല
അവിടെയും നീ...

Friday, August 17, 2012

എനിക്ക് നിന്നോട് പറയാനുള്ളത് ;

ഇനിയുമെന്‍റെ ചുമരുകളില്‍ നീ
തത്വചിന്തകള്‍ തേയ്ച്ച് പിടിപ്പിക്കുക,
ഇനിയുമെന്‍റെ കവാടത്തില്‍ നീ
നിരീശ്വരവാദിയായി നിലകൊള്ളുക,
പൂമുഖത്ത് മനുഷ്യസ്നേഹത്തിന്‍റെ-
തിരശീല വലിച്ചു കെട്ടുക,
നിന്‍റെ മുറിക്കുള്ളിലെ ഈശ്വരനും
നേരമ്പോക്കുകളും പുറത്ത്ചാടാതിരിക്കട്ടെ !


എന്ന് സ്വന്തം ഫേസ് ബുക്ക്‌.

Sunday, August 5, 2012

യാത്ര



നിന്‍റെ പുറങ്കുപ്പായത്തില്‍ വില്‍ക്കപെടുന്നത്
കപട പ്രണയബന്ധങ്ങള്‍,
നിന്‍റെ നഗ്നമേനിയില്‍ കുത്തിവരയ്ക്കപ്പെടുന്ന,
നിര്‍ജീവ കാമഭ്രാന്തുകള്‍,
നിന്‍റെ അകത്തളങ്ങളില്‍ ദ്രൗപതിയാക്കപെടുന്ന
സ്ത്രീ ജന്മങ്ങള്‍,
എങ്കിലും നീ യാത്ര തുടരുകയാണ്,
ചൂഷണത്തിന്‍റെ ചൂട് മാറാത്ത നിന്‍റെ-
ചായക്കോപ്പയിലെ വിപണന തന്ത്രങ്ങളുമായി.
ചുണ്ടെലിയും പാറ്റയും അപഹരിച്ച
നിന്‍റെ കയറുമെത്തയില്‍ ഉറങ്ങി,
ജീവിതത്തിനും മരണത്തിനും മദ്ധ്യേ നിന്നില്‍
ഇടത്താവളങ്ങള്‍ തേടുന്ന മനുഷ്യ കോമരങ്ങളുമായി
സമാന്തര പാളങ്ങളിലൂടെ,
നീ യാത്ര തുടരുകയാണ്.