Sunday, April 28, 2013

-*നിശബ്ദത*-

പരിചയാണ്, ഉത്തരമില്ലാത്ത ചോദ്യ-
ചിഹ്നങ്ങള്‍ക്ക് വിരാമമേകുന്ന നിശബ്ദത.

വിജയമാണ്, അഹംഭാവത്തിന് മേല്‍
 മിനുക്കിതേയ്ച്ചു സഫലമാക്കുന്ന  നിശബ്ദത.

പരാജയമാണ്, വിമര്‍ശനങ്ങള്‍ക്ക് മേല്‍
നിന്നെ തന്നെ മറച്ചുവയ്ക്കുന്ന നിശബ്ദത.

നിസഹായതയാണ്, നീട്ടുന്ന വിശന്നകരങ്ങള്‍ക്ക് 
പിന്നിലായ് ഒളിഞ്ഞിരിക്കുന്ന നിശബ്ദത. 

പ്രണയമാണ്,  ഒടുങ്ങാത്ത തിരിച്ചറിയലുകളുടെ 
പൂര്‍ണതയില്‍ ജീവന്‍ വയ്ക്കുന്ന നിശബ്ദത.

പൂര്‍ണതയാണ്, അറിവിന്‍റെ തേജ-പ്രഭയില്‍
അധരങ്ങളില്‍ സൂക്ഷിക്കുന്ന നിശബ്ദത.

Friday, April 5, 2013

ദാരിദ്ര്യം


തളിരിട്ട ജീവാംശത്തെ,
ചേറില്‍ ഒളിപ്പിക്കുന്ന,
ജീവവൃക്ഷങ്ങള്‍ക്ക് ,
മുലപ്പാല്‍ ദാരിദ്യം.


ഗുരുവിന്‍റെ പാദങ്ങളില്‍,
മഴുവയ്ച്ചു ശീലിച്ച,
ശിഷ്യഗണത്തിന്,
ഗുരുത്വ ദാരിദ്ര്യം.

അഹംഭാവ പൂര്‍ണതയില്‍,
പരസ്പരം വേരറുക്കുന്ന
ഹൃദയപങ്കാളികള്‍ക്ക്,
സ്നേഹ ദാരിദ്ര്യം.
 

സമ്പത്തിന്‍റെ മദ്ധ്യത്തില്‍
കൊഴുത്തുതഴച്ച
മനുഷ്യക്കോമരങ്ങള്‍ക്ക്,
മൂല്യ-ദാരിദ്ര്യം.

എല്ലാം വിട്ടെറിഞ്ഞ് ലോക-
സേവനത്തിനിറങ്ങിയ,
മനുഷ്യാത്മാക്കള്‍ക്ക്‌,
ഭക്ഷണ ദാരിദ്ര്യം.

എല്ലാറ്റിനുമൊടുവില്‍,
അക്ഷരസമ്പന്നതയിലും,
പുതു തലമുറയ്ക്ക്,
ഭാഷാദാരിദ്ര്യം.





Thursday, April 4, 2013

-ഫെയ്ക്ക് -


ഓര്‍മകളില്‍ ശ്വാസംമുട്ടി വിളറിയ മുഖത്തില്‍,
കണ്ണീര്‍ ചാലുകള്‍ക്ക് ഉണക്ക് രോഗം. 

കാലത്തിന്‍റെ കഴുമരത്തില്‍ തൂക്കികൊല്ലപ്പെട്ട
സ്വപ്‌നങ്ങള്‍ അവളെ നോക്കി പുഞ്ചിരിച്ചു.

ഇടറിയ പാദങ്ങളില്‍ പുരണ്ട നിഷ്കളങ്കരക്തം
മണല്‍തരികളില്‍ ചവിട്ടിചേര്‍ത്തവള്‍ നടന്നു.

പുണരുന്ന പുതിയതിരകളോട് മൊഴിഞ്ഞതെല്ലാം
പുതിയത്, പേരും നാളും സ്ഥലവും.


വീണ്ടുമൊരുവന്‍റെ സ്വപ്‌നങ്ങള്‍ ആകാശത്തേക്ക്,
ചിറകറ്റു താഴെ വീഴുമ്പോള്‍ ചവിട്ടിയരച്ചവള്‍ വീണ്ടും.
.