Thursday, July 19, 2012

അര്‍ബുദം

ചിന്തകളില്‍ ഒരു മുഴ, അര്‍ബുദം ആണത്രേ. 
യാഥാര്‍ത്ഥ്യങ്ങളെ   വിഴുങ്ങിയതുകൊണ്ടാകുമെന്നു വൈദ്യന്‍. 
ഇനി റേഡിയേഷന്‍ വേണം.
സ്വപ്‌നങ്ങള്‍ കുത്തി നിറച്ചുനോക്കി, 
മുഴകള്‍ വളര്‍ന്നതല്ലാതെ ഉണങ്ങിയില്ല .
ചിരിച്ചുനോക്കി, 
ചിരിക്കാന്‍  മറന്നവരുടെ ലോകത്ത് എനിക്ക് ചിത്തഭ്രമം! 
'കാലം ഉണക്കാത്ത മുറിവില്ല' എന്ന് ദിനം മൂന്നു നേരം,
അതും ഫലം കണ്ടില്ല.
ഒരു പുതിയ ചികിത്സ ഫലം കണ്ടിരിക്കുന്നു.
പേന കൊണ്ട് കുത്തിക്കീറി ഒരു സര്‍ജറി,
മുഴയുടെ ഭാരം കുറയുന്നുണ്ട് !






Monday, July 16, 2012

ചോറ്റുപാത്രം

"അമ്മേ, ഞാന്‍ പറഞ്ഞതല്ലേ ഇന്ന് ചോറ്റുപ്പാത്രം വേണ്ടാന്ന്!, ക്യാന്റീനില്‍ നിന്നും കഴിച്ചോളാം എന്നും"

"എന്തിനാ നീ എന്നെ ഇങ്ങനെ നോക്കുന്നത്?.. ഞാന്‍ ഇന്ന് ക്യാന്‍റെനില്‍ നിന്ന് കഴിക്കുന്നത്‌ കൊണ്ടല്ലേ!"

" എന്തിനാ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്? അമ്മയോട് കള്ളം പറഞ്ഞതിനാണോ?"

"എന്തിനാ നീ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നത്? ഞാന്‍ കള്ളം പറഞ്ഞത് എന്‍റെ അമ്മയോട് അല്ലെ?"


" അതെ , നിന്‍റെ അമ്മയാണെങ്കിലും എന്നില്‍ ചോറ് വാരി നിറച്ചു തരുന്ന  കയ്യിലൂറുന്ന ആ അമ്മയുടെ സ്നേഹം കൂടുതല്‍ മനസിലാക്കുന്നത് ഞാന്‍ ആണല്ലോ എന്നോര്‍ത്ത് ചിരിച്ചതാ..."
"  ചോറ്റുപാത്രവും എടുത്തുകൊണ്ട് അവള്‍ നടന്നു..."

Saturday, July 14, 2012

മുഖപുസ്തകം

 ഇത് മരണവീട്,
ബന്ധങ്ങള്‍ ബന്ധനങ്ങളായി തിരിച്ചറിയുമ്പോള്‍
ഉള്ളില്‍ പൊട്ടിയൊലിക്കുന്ന മുറിവിനെ
കണ്ണീരില്‍ കഴുകി മറയ്ക്കുന്ന കൂട്ടര്‍,
പരിചയമുഖങ്ങളെ വകഞ്ഞ് ഒഴിഞ്ഞ്
ഒളിസങ്കേതം തേടി അലയുന്നവര്‍ക്ക്
ഇത് മരണവീട്.

ഇത് കല്യാണവീട്,
ബന്ധങ്ങളുടെ ചൂരും ചൂടും കൊണ്ട് ജീവിക്കുന്നവര്‍ക്ക്,
ഉള്ളില്‍ പൊട്ടിയൊലിക്കുന്ന സ്നേഹം
ഒരു ചിരിയില്‍ പകരുന്ന കൂട്ടര്‍,
പരിചയ മുഖങ്ങളെ തിരഞ്ഞെടുത്തു
പുതിയ ബന്ധങ്ങള്‍ തേടി അലയുന്നവര്‍ക്ക്
ഇത് കല്യാണ വീട്.

ഇത് കളിക്കളം,
സ്വയം തിരിച്ചറിയല്‍ നഷ്ടപെടുമ്പോള്‍,
ഉള്ളില്‍ പൊട്ടിയൊലിക്കുന്ന വികാരങ്ങളെ
അന്യന്‍റെ പേരില്‍ പ്രകടിപ്പിക്കുന്ന കൂട്ടര്‍,
മുഖം മൂടിക്കുള്ളില്‍ പദ്ധതികള്‍ മെനഞ്ഞു
ജീവിതത്തെ തേടി നടക്കുന്നവര്‍ക്ക്
ഇത് കളിക്കളം.

Tuesday, July 3, 2012

വിട



കപടസ്നേഹം കൊണ്ടും കണ്ടും
ഹൃദയാഘാതം വന്നു മരിച്ച എന്‍റെ
ആത്മാവിനെ  കുത്തി മുറിവേല്പിക്കതിരിക്കുവാന്‍
ഈ മഴയും നിലാവും എനിക്കന്യമാക്കിയ
സ്നേഹവാകിനാല്‍  ഇനിയും ഞാന്‍
ചോരവാര്‍ന്നു പിടയ്ക്കാതിരിക്കുവാന്‍
ഇന്നും എന്‍റെ ഉള്ളില്‍ കെടാതെ കരുതുന്ന
ചെറു സ്നേഹദീപങ്ങള്‍  പൊലിയാതിരിക്കുവാന്‍
'വിട; നിന്‍റെ സ്നേഹത്തിനും എന്‍റെ മോഹങ്ങള്‍ക്കും'
കൂടുതല്‍ നീ എന്നെ സ്നേഹിക്കതിരിക്കുക!

Sunday, July 1, 2012

മഴയെക്കുറിച്ച് ഞാന്‍ കോറിയിട്ടത്.. ;)



"ഇന്നത്തെ മഴ എനിക്ക് വേണ്ടി മാത്രം പെയ്തതാണ്.... എന്നെ ചിരിപ്പിക്കാന്‍ വേണ്ടി ആകാശം പൊട്ടിക്കരഞ്ഞു... എന്നെ പേടിപ്പിക്കാന്‍ മിന്നലും ഉണ്ടായിരുന്നു...മിന്നലില്‍ പേടിച്ചു അകത്തേയ്ക്ക് ഓടിയും മഴത്തുള്ളികള്‍ ആസ്വദിച്ചും ഒരു സായാഹ്നം കൂടി കഴിഞ്ഞു... മഴ ഇനിയും കഴിഞ്ഞിട്ടില്ല... ഇപ്പോഴും പെയ്യുന്നു...ആരെയൊക്കെയോ ചിരിപ്പിക്കാന്‍ വേണ്ടി..."

"ഓര്‍മകളില്‍  എവിടെയോ ഒരു തേങ്ങല്‍ പോലെ ഇന്ന് മഴ നമുക്കന്യമായി... നമ്മള്‍ ജീവിതത്തിന്‍റെ പല മരക്കൊമ്പുകളിലും ചേക്കേറി... ജീവിതവും ജീവിതബന്ധങ്ങളും പലപ്പോഴും ഒരു മഴ കാത്തിരിക്കുന്നു... വേഴാമ്പല്‍ പോലെ ... വരള്‍ച്ചയ്ക്കും ഇരുണ്ടുമൂടിയ ആകാശത്തിനും മാറ്റം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ... "


"ഇന്ന് നിങ്ങളുമായി പങ്ക് വയ്ക്കാന്‍ വഴിയോര കാഴ്ചകള്‍ ഇല്ല... പുതിയ വിശേഷങ്ങള്‍ ഇല്ല... എങ്കിലും ഓര്‍ത്ത്‌ വയ്ച്ച ഒന്നുണ്ട്... വേനല്‍ കഴിഞ്ഞു... മഴക്കാലം ഇന്ന് തുടങ്ങി... വെള്ളം തെറ്റിക്കളിച്ചും കളിവള്ളം കളിച്ചും നമ്മള്‍ സ്നേഹിച്ച മഴ.... പക്ഷെ ഇന്നീ കളികൂട്ടുകാരനെ എനിക്ക് പേടിയാണ്... ഇലകളില്‍ നിന്നിറ്റു വീഴുന്ന മഴത്തുള്ളികളില്‍ സ്വര്‍ണത്തിളക്കം ഇല്ല .... ചെറുപ്പത്തിലെ മഴക്കാലം മുഴുവന്‍ പുറത്തായിരുന്നു... ഈ മഴക്കാലം ഞാന്‍ മുറിക്ക് അകത്തിരുന്ന് തള്ളി നീക്കാന്‍ നിര്‍ബന്ധിതയാണ്.... പേടിയാണ് നിന്നെ... മനുഷ്യനാല്‍ മലിനയാക്കപ്പെട്ട നീ എനിക്ക് തരാന്‍ പോകുന്ന പൊള്ളുന്ന ചൂടിനെ... ആ ചൂട് മാറ്റാന്‍ ഞാന്‍ കഴിക്കേണ്ട പൊള്ളുന്ന വിലയുള്ള നിറമുള്ള കയ്പ് മിട്ടായിയെ..."

ഓര്‍മ്മകള്‍..

"നുള്ളിപെറുക്കിയ വളപ്പൊട്ടുകള്‍, നല്ല നിറമുള്ള വളപ്പൊട്ടുകള്‍... കൈയ്കളില്‍ മുറുക്കി പിടിച്ചു അവള്‍ മാല കോര്‍ത്തു.. പൊട്ടിയ വക്കുകള്‍ കൊണ്ട് രക്ത തുള്ളികള്‍ അടര്‍ന്നു വീണു... അവള്‍ പിന്തിരിഞ്ഞില്ല... എങ്കിലും അവള്‍ അത് നെഞ്ചോട്‌ ചേര്‍ത്ത് നടന്നു......വളപൊട്ടുകള്‍ക്ക് പകരം നിറമുള്ള മാല അവര്‍ സമ്മാനമായി നല്‍കി... അവള്‍ അതും കണ്ടില്ലാന്നു നടിച്ചു..... വക്കുപൊട്ടിയ സ്വപ്നങ്ങള്‍ പോലെ ആ വളപൊട്ടുകള്‍ അവളെ മുറിവേല്പിക്കുകിലും ഇന്നും അവള്‍ അതിനെ താലോലിക്കുന്നു..."