Thursday, September 10, 2015

മഴനൂല്‍പാലങ്ങള്‍

-മഴനൂല്‍പാലങ്ങള്‍-
--------------------------------------
മരണം പേറിപോകുന്നവന്‍റെ
യാത്രയ്ക്ക് വേഗമിട്ട്
ഇരുട്ടിന്‍റെ വഴുക്കലുകള്‍.
നിനയ്ക്കാതെ നേടിടും
വിളവുകളുടെ നെഞ്ചില്‍
കനല്‍ചാലായ് മിന്നല്‍ തുള്ളികള്‍.
കൂട്ടിപ്പെറുക്കി കുത്തിപൊക്കിയ
കൂരകള്‍ക്ക് മേല്‍
വേരറ്റു വീണിടുന്ന പടുമരങ്ങള്‍.
വഴിതെറ്റിയ തോടുകള്‍
പട്ടിണി പച്ചകുത്തി
ഇറങ്ങിപോയ കുടിലുകള്‍.
വയലിന്‍റെ വായില്‍ മണ്ണിട്ട്
വരച്ച പാതകളില്‍
ഉറ പൊട്ടിയ മഹാ തടാകങ്ങള്‍.
അതിരില്ലാ കടലിന്‍റെ
ഭിത്തികള്‍ മണലാക്കി
ഉയരുന്ന ഭ്രാന്തന്‍ തിരമാലകള്‍.
കെടുതിയെത്താത്ത കൊട്ടാരങ്ങളില്‍
ക്ഷാമബത്ത വിരിക്കും
മഹാബലി ഭരണകൂടം.
നാഡി മരവിച്ചവന്‍റെ
നെഞ്ചിന്‍ നേരിപ്പോടുകളില്‍
തണുപ്പെറിയുന്ന ആലിപ്പഴങ്ങള്‍.
പിഴുതെറിഞ്ഞ വൈദ്യുതി
കമ്പികളില്‍ തൂങ്ങിയാടുന്നു
ജീവന്‍റെ ഞെരുക്കങ്ങള്‍.
ഇരുട്ട് വിഴുങ്ങിയ നവ
മാധ്യമങ്ങള്‍ക്ക് അന്യനായ്
ഭ്രാന്തന്‍ വിരലുകള്‍.
പ്രതീക്ഷതന്‍ പ്രളയങ്ങളില്‍
കനല്‍ പാതകളായ്
പ്രകൃതിതീര്‍ത്ത മഴനൂല്‍ പാലങ്ങള്‍.
മണ്ണിനും വിണ്ണിനുമിടയലീ
പാലങ്ങള്‍ തീര്‍ത്തിടും
ദുരിതങ്ങളുടെ ഘോഷയാത്രകള്‍.
---------------------------------------------------

4 comments:

  1. നന്നായി കവിത..

    ReplyDelete
  2. മഴനൂല്‍ പാലങ്ങള്‍: ദുര്‍ബലമെങ്കിലും ഇടവിടാത്ത പാലങ്ങള്‍

    ReplyDelete