Thursday, April 4, 2013

-ഫെയ്ക്ക് -


ഓര്‍മകളില്‍ ശ്വാസംമുട്ടി വിളറിയ മുഖത്തില്‍,
കണ്ണീര്‍ ചാലുകള്‍ക്ക് ഉണക്ക് രോഗം. 

കാലത്തിന്‍റെ കഴുമരത്തില്‍ തൂക്കികൊല്ലപ്പെട്ട
സ്വപ്‌നങ്ങള്‍ അവളെ നോക്കി പുഞ്ചിരിച്ചു.

ഇടറിയ പാദങ്ങളില്‍ പുരണ്ട നിഷ്കളങ്കരക്തം
മണല്‍തരികളില്‍ ചവിട്ടിചേര്‍ത്തവള്‍ നടന്നു.

പുണരുന്ന പുതിയതിരകളോട് മൊഴിഞ്ഞതെല്ലാം
പുതിയത്, പേരും നാളും സ്ഥലവും.


വീണ്ടുമൊരുവന്‍റെ സ്വപ്‌നങ്ങള്‍ ആകാശത്തേക്ക്,
ചിറകറ്റു താഴെ വീഴുമ്പോള്‍ ചവിട്ടിയരച്ചവള്‍ വീണ്ടും.
.





Friday, March 22, 2013

പ്രണയിനി


രാത്രികളില്‍ നിന്‍ മൃദുസ്പര്‍ശമേല്‍ക്കാതെ,
ചാറിയും ചിണുങ്ങിയും പിന്നെ പരിഭവിച്ചും,
ഏകയാണെന്നുള്ളില്‍ വിതുമ്പിക്കരഞ്ഞുമെ-
ന്നാത്മം നിനക്കായ് കാത്തിരിപ്പൂ.
ഇരുട്ടുകയറിയ ചിന്തകളില്‍ തെരുവു-
വിളക്കുപോല്‍ നിന്നോര്‍മകള്‍.
നിശബ്ദതയ്ക്കൊടുവില്‍ നീ വരുമെന്ന്-
സമാശ്വസിപ്പിച്ചു ഞാന്‍ എന്‍ കിടക്കയെ. 
ഇരുട്ടിന്‍ മറവില്‍ നിന്‍റെ കാലൊച്ചകള്‍,
അസഹ്യമായ് മുഴങ്ങുന്നു  മനസിന്‍റെ വഴികളില്‍.
നിദ്രയെ നീ എന്നെ പുണരുക,
എന്‍റെ എല്ലാവേദനകളും നിന്നിലെക്കാവഹിച്ചു,
ഒടുവിലൊരു നേര്‍ത്ത ചുംബനത്താല്‍ എന്‍,
മിഴിനീര്‍തുള്ളികള്‍ ഒപ്പിയെടുത്തെന്നെ പുണരുക.

ഒരു മഴവേണം


ഒരു മഴവേണമെന്നെ തണുപ്പിച്ച്,
കുളിര്‍പ്പിച്ചു പിന്നെ ഞൊടിയിടയിലെ-
ന്നിലൊരു തുള്ളല്‍ പനിയായ് ശേഷിക്കുവാന്‍.

ഒരു മഴവേണമീ മണ്ണിന്‍റെ മക്കളുടെ ,
വരണ്ട ഹൃദയങ്ങളില്‍ പെയ്തലചൊ-
ടുവില്‍ ജീവന്‍റെ വിറയലായ് ശേഷിക്കുവാന്‍

Tuesday, March 19, 2013

അന്വേഷിണി


എന്നിലേക്ക് തന്നെ ഒതുങ്ങിയിരിക്കുന്നു,
അന്വേഷിണിയായ്,
ആത്മം തേടിയൊടുവിലൊരു ഈയാംപാറ്റ പോല്‍,
സത്യത്തിന്‍ ചൂടില്‍ എരിഞ്ഞമര്‍ന്നീടുമോ?

Thursday, February 21, 2013

മഴപ്പൊട്ട്

ആകാശമേ നിന്‍ വിരിമാറിലാ,
യൊളിപ്പിച്ച ദുഃഖങ്ങള്‍ പെയ്തിറക്കൂ.
മഴമേഘമേ നിന്‍ കുടക്കീഴിലായ് വിരിയും,
മിഴിനീര്‍പൂക്കളെനിക്ക് പകുത്തുനല്‍കൂ.

Sunday, December 9, 2012

അജ്ഞത



അക്ഷരം അഗ്നിയാണെന്നോതിയ ഗുരു
ഉരുവിട്ട  ശാന്തിമന്ത്രങ്ങളില്‍ നിന്നുതിരുന്ന
തിരയിളക്കങ്ങള്‍ തുടരെയലയടിക്കുന്നു, ഗുരുവിന്‍
അസ്ഥിത്വം തകര്‍ത്താടിയ ശിഷ്യരെ നോക്കി.

Saturday, December 8, 2012

ബ്ലൂ ട്രൂത്ത്‌സ്



മറയ്ക്കപ്പെടാതെ പോയവ നിമിനേരത്തിനുള്ളില്‍,
ഒപ്പിയെടുത്തവന്‍ പുഞ്ചിരി വിരിയിച്ചു വീരനായ്‌.
മിന്നിമറയുന്ന കൈകാലുകള്‍ക്കുള്ളില്‍ അവനെ,
പുളകിതനാക്കിയത് എന്താകാം?

ബ്രഹ്മാസ്ത്രം പോലവന്‍ തൊടുത്തു പലദിക്കിലായി,
കണ്ടവര്‍ നോക്കിയും കാണിച്ചും അറിയിച്ചും,
മിണ്ടിയും മിണുങ്ങിയും കോരിത്തരിപ്പിച്ചും,
പങ്കുവയ്ക്കപ്പെട്ടവള്‍ പലര്‍ക്കായി.

പിന്നൊരുനാള്‍ യാത്രയില്‍ കയ്യിലിരുന്നിളിച്ചുകാട്ടിയ -
നീലപല്ലുകളവനെ നോക്കി കൊഞ്ഞനം കുത്തി,
മിന്നിമറഞ്ഞ കൈകാലുകളില്‍ അവന്‍ കണ്ട പുളകങ്ങള്‍ക്ക്,
അവന്‍റെ രാത്രികളുടെ നിറവും മണവും.